ന്യൂഡൽഹി : ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്നവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രി വാള് സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുന്നത് വിസമ്മതിച്ച് സുപ്രിം കോടതി. എന്നാൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.പിഇടി-സിടി സ്കാനിനും മറ്റ് പരിശോധനകൾക്കും വിധേയനാകണമെന്ന് പറഞ്ഞ് ജൂൺ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് 27 നാണ് കേജ്രി വാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യം നീട്ടിനൽകാനുള്ള അപേക്ഷ നാളെ പരിഗണിക്കണമെന്ന് കേജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി, കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും ചീഫ് ജസ്റ്റിന് വിടാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. “ഹർജി കേൾക്കുകയും മാറ്റിവെക്കുകയും ചെയ്തു. ഇത് ചീഫ് ജസ്റ്റിസിൻ്റെ മുമ്പാകെ വയ്ക്കട്ടെ. അദ്ദേഹം തീരുമാനം എടുക്കട്ടെ. ഞങ്ങൾ ഇത് ചീഫ് ജസ്റ്റിസിന് മുന്നിൽ വയ്ക്കാം.” ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. അരവിന്ദ് കേജ്രിവാളിനെ ഡോക്ടർമാർ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഹർജി മാറ്റിയതെന്നും സിംഗ്വി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ 1 വരെ കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ജൂൺ രണ്ടിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് മെയ് 10ന് ഉത്തരവിട്ടിരുന്നു. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരും കേസിൽ പ്രതികളാണ്. ഇഡി നൽകിയ ഇളവുകൾ പരിഗണിച്ച് സിങിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം സ്ഥിരം ജാമ്യം അനുവദിക്കാനുള്ള സിസോദിയയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അടുത്തിടെ നിരസിച്ചിരുന്നു.