ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. അരവിന്ദ് കെജ്രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിച്ചേക്കും. കെജ്രിവാളിന്റെ ഹർജിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു . കെജ്രിവാളിന് ജാമ്യം നൽകരുതെന്ന ഉറച്ച നിലപാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇക്കാര്യം ചൂണ്ടികാട്ടി ഇന്നലെ ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെയാണ് ഇ ഡിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ അറസ്റ്റിൽ നേരത്തെ സുപ്രീം കോടതി ചോദ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ലെന്ന് ചൂണ്ടികാട്ടി ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചത്.
അതേസമയം ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ റൗസ് അവെന്യൂ കോടതി ഉത്തരവിനെതിരെയാണ് കവിത ഹൈകോടതിയെ സമീപിച്ചത്.