ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താനയിലെ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ ഇദ്ദേഹം അയോഗ്യത നേരിടേണ്ടി വരും.
എന്നാല്‍ കൻവർലാൽ മീണയുടെ നിയമസഭാംഗത്വം റദ്ദാക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ല. നിയമോപദേശം തേടിക്കൊണ്ടിരിക്കുകയാണെന്നാണ് സ്പീക്കർ വാസുദേവ് ദേവ്നാനി ഇപ്പോഴും പറയുന്നത്. വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നായി രണ്ട് തവണയാണ് അദ്ദേഹം എംഎല്‍എ ആയത്.
2005ല്‍ അക്ലേരയിലെ ടൗൺ സബ് ഡിവിഷണൽ ഓഫീസർ, രാം നിവാസ് മേത്തയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം, രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ഒരു നിയമസഭാംഗത്തെ അയോഗ്യനാക്കാം എന്നാണ്.
കൻവർലാലിനെ ആദ്യം വിചാരണ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി 2020ൽ ശിക്ഷ ശരിവെച്ചു. വിധി, ഹൈക്കോടതിയും ശരിവെച്ചതോടെ എംഎല്‍എ സുപ്രിംകോടതിയെ സമീപിച്ചു. എംഎല്‍എയുടെ വാദം സുപ്രിംകോടതിയും തള്ളിയതോടെയാണ് അദ്ദേഹം കോടതി മുമ്പാകെ കീഴടങ്ങിയത്. അതേസമയം ഗവര്‍ണറെ ഉപയോഗിച്ചും മൂന്ന് വർഷത്തെ തടവ് 23 മാസമായി കുറച്ചുമൊക്കെ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം നിലനിര്‍ത്താനുള്ള കുറുക്കുവഴികള്‍ ബിജെപി നേതൃത്വം തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കലാപം, പൊതുപ്രവർത്തകരെ അക്രമിക്കല്‍, മതപരമായ ശത്രുത വളര്‍ത്തല്‍, ആരാധനാലയങ്ങൾ അശുദ്ധമാക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങി 27ലധികം കേസുകള്‍ വേറെയും ഇദ്ദേഹത്തിനെതിരെയുണ്ട്.