ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്റ്റഡിയിൽ എടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് എതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽബാലാജിയും ഭാര്യ മേഖലയും നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇഡിയുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. അത് ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
വ്യാഴാഴ്ച സെന്തിൽബാലാജിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്ത ശക്തമായി എതിർത്തു. ഹൈക്കോടതി സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹർജി ഡിവിഷൻബെഞ്ചിന് വിടണോ എന്നതിൽ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല.
ഈ സാഹചര്യത്തിൽ, സുപ്രീംകോടതി ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ഇഡി പൊലീസ് അല്ലാത്തതിനാൽ അവർക്ക് 24 മണിക്കൂറിന് അപ്പുറം ഒരാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ നിയമപരമായി അവകാശം ഇല്ലെന്നാണ് സെന്തിൽബാലാജിയുടെ വാദം. ഈ സാഹചര്യത്തിൽ, സെന്തിൽബാലാജിയെ ഇഡി ഉടൻ പൊലീസിന് കൈമാറാൻ സാധ്യതയുണ്ട്. അതുകൊണ്ട്, വെള്ളിയാഴ്ച തന്നെ ഹർജി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.