ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അപകീർത്തി പരാമർശം നടത്തിയിട്ടില്ലെന്നും അതിനാൽത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ,സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. മൂന്നംഗ ബെഞ്ചിൽ ഭിന്നാഭിപ്രായമുണ്ടായാൽ ഭൂരിപക്ഷ തീരുമാനമാകും നടപ്പാകുക. മാനനഷ്ടക്കേസിൽ സൂറത്തിലെ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി കഴിഞ്ഞ മാർച്ചിലാണ് രാഹുലിന് രണ്ടുവർഷം തടവ് വിധിച്ചത്. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചാൽ എം പി സ്ഥാനം തിരിച്ചുകിട്ടും. ഹർജിക്കാരനായ പൂർണേഷ് മോദിയുടെയും ഗുജറാത്ത് സർക്കാരിന്റെയും നിലപാട് കൂടി അറിഞ്ഞ ശേഷം സ്റ്റേ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കോടതിയുടെ നിലപാട്.