


ന്യൂഡല്‍ഹി : ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉന്നാവോയിലെ സാഹചര്യം ഗുരുതരമാണ്. സെന്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അഗസ്റ്റിന് ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സാധാരണയായി പ്രതികളുടെ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെടാറില്ല. എന്നാല്‍ ഈ കേസിലെ സ്ഥിതി വ്യത്യസ്തമാണ്. മറ്റൊരു കേസില്‍ കുല്‍ദീപ് സെന്‍ഗാര്‍ ജയിലിലാണ്. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ട്. അതുവരെ ഇയാളെ ജയില്‍ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ കക്ഷിചേരുന്നതിന് അതിജീവിതയ്ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതി ലഭിച്ചുവെന്ന് അതിജീവിതയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷക പ്രതികരിച്ചു. സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയായ പെണ്‍കുട്ടിയും അമ്മയും ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു.