ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും പ്രവർത്തകർ പാട്ടും നൃത്തവും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്. അതേസമയം, രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ആഘോഷിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ഇന്ത്യ നേതാക്കൾക്ക് മധുരവിതരണം ചെയ്തത്.
തിങ്കളാഴ്ച രാവിലെ ലോക്സഭാ സെക്രട്ടറി ജനറല്‍ ഉദ്പല്‍ കുമാറാണ് രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതായുള്ള ഉത്തരവ് പുറത്തിറക്കിയത്. സഭ ചേരാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് ഉത്തരവ് പുറത്തിറക്കിയത്. വിധിക്ക് സ്റ്റേ ലഭിച്ചതിനാല്‍ എംപി സ്ഥാനം പുനഃ സ്ഥാപിക്കുന്നു എന്നാണ് വിജ്ഞാപനത്തിലുള്ളത്. മോദി പരാമര്‍ശത്തില്‍ രാഹുലിനെ കുറ്റക്കാരനാക്കിയുള്ള സൂറത്ത് കോടതി വിധി ഈ മാസം നാലിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെ രാഹുലിനായി കോണ്‍ഗ്രസ് നേതാക്കള്‍ ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. രാഹുലിന്റെ പുനഃപ്രവേശനം വൈകുമോ എന്ന ആശങ്കയ്ക്ക് ഈ വിജ്ഞാപനത്തോടെ വിരാമമായി. 134 ദിവസത്തിനുശേഷമാണ് രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും.