ന്യൂ ഡൽഹി : വ്യക്തികൾക്ക് മേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് പാടില്ലെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷയ്ക്ക് പെഗാസസ് ഉപയോഗിക്കാം. സർക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസമില്ല. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാൻ ദുരുപയോഗം ചെയ്താൽ ഇടപെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിനെതിരായ ഹരിജകൾ വാദം കേൾക്കവെയാണ് കോടതി പരാമർശം. ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. പൗരന്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ ബലിനല്‍കാനാവില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2021 ല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പെഗാസസ് ചാര സോഫ്റ്റ്വെയര് ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയമെന്ന ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദിനേഷ് ദ്വിവേദി വാദിച്ചിരുന്നു. ഈ അവസരത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
തീവ്രവാദികള്‍ക്ക് സ്വകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടപ്പോള്‍, സ്വകാര്യതക്ക് അവകാശമുള്ള പൗരന് ഭരണഘടന പ്രകാരം സംരക്ഷണം ലഭിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി.