ന്യൂഡല്‍ഹി : ലക്ഷദ്വീപിലെ സ്കൂളുകളിലെ ഉച്ചഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
നോണ്‍ വെജ് ആയി മീനും മുട്ടയും ലക്ഷദ്വീപ് ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഉച്ചഭക്ഷണ മെനുവില്‍നിന്ന് ചിക്കന്‍, ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹരം ഒഴിവാക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്ധോപദേശം ഇല്ലാതെയാണെന്ന് ഹര്ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനായ ഐഎച്ച് സയ്യിദ് വാദിച്ചു. 1950 മുതല്‍ ദ്വീപില്‍ സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചു. എന്നാല്‍ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ചുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തില്‍ നിലനിര്‍ത്തുന്നുണ്ടെന്ന് കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മത്സ്യം എന്നിവ നല്കുന്ന കാര്യം ചൂണ്ടിക്കാണിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നഡരാജ് വാദിച്ചു.