ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇന്നു ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അടുത്ത ചൊവ്വാഴ്ചയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്ച അസൗകര്യമാണെന്ന് പിണറായി വിജയനു വേണ്ടി ഹാജരാവുന്ന സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്നു സെപ്റ്റംബറിലേക്കു മാറ്റുകയായിരുന്നു.