ന്യൂഡൽഹി : സ്പെക്ട്രം ചാർജ്, ലൈസൻസ് ഫീസ് ഇനങ്ങളിൽ ടെലികോം കമ്പനികളുടെ കുടിശ്ശിക 1.6 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് അടയ്ക്കുക തന്നെ വേണം.ടെലികോം കമ്പനികൾ കേന്ദ്രവുമായി വരുമാനം (അഡജസ്റ്റഡ് ഗ്രോസ് റവന്യു- എ.ജി.ആർ)പങ്കിടുന്നതിലെ കുടിശ്ശിക ടെലികോം വകുപ്പ് കണക്കാക്കിയതിൽ തെറ്റുണ്ടെന്നും തുക വീണ്ടും കണക്കാക്കണമെന്നും കാട്ടി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ കമ്പനികൾ സമർപ്പിച്ച തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.
ഇടപെടാൻ കാരണങ്ങളില്ലെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. അവസാനത്തെ നിയമവഴിയായ തിരുത്തൽ ഹർജികൾ സുപ്രീംകോടതി പൊതുവേ അംഗീകരിക്കാറില്ല. ഇതോടെ എല്ലാനിയമവഴികളും അടഞ്ഞത് ടെലികോം കമ്പനികൾക്ക് പ്രഹരമായി. 2020 സെപ്തംബറിൽ പുനഃപരിശോധനാഹർജിയും തള്ളിയിരുന്നു. 2021 മാർച്ച് 31നകം കുടിശ്ശികയുടെ പത്ത് ശതമാനവും ബാക്കി തുക അക്കൊല്ലം ഏപ്രിൽ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയുള്ള 10 വർഷത്തിനുള്ളിൽ അടയ്ക്കാൻ സാവകാശവും അനുവദിച്ചിരുന്നു. കുടിശ്ശിക വീണ്ടും കണക്കാക്കില്ലെന്നും തുക അടച്ചില്ലെങ്കിൽ പലിശയും പിഴയും പിഴപ്പലിശയും കോർട്ടലക്ഷ്യ പിഴയും ഈടാക്കുമെന്നും കോടതി അന്ത്യശാസനം നൽകിയിരുന്നു.
എയർടെല്ലിന് 43,980 കോടി രൂപയും, വോഡാഫോൺ ഐഡിയയ്ക്ക് 58,254 കോടിയുമാണ് കുടിശ്ശികയെന്ന് കേന്ദ്രം 2020ൽ അറിയിച്ചിരുന്നു. എന്നാൽ 18,000 കോടി രൂപയാണെന്ന് എയർടെല്ലും, 21,533 കോടിയാണെന്ന് വോഡാഫോൺ ഐഡിയയും വാദിച്ചു. കമ്പനികൾ ഇരുപത് വർഷം സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.