ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അധികാരപരിധി മറികടന്നാണെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. നിയമപരമായ അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നാണ് ഗ്രീഷ്മയുടെ വാദം. കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മയും ബന്ധുക്കളും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഹർജി തള്ളിയ സാഹചര്യത്തിലാണ് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻ നായരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
2022 ഒക്ടോബർ 14നാണ് കേസിലെ ഒന്നാം പ്രതിയായ തമിഴ്നാട് ഭാഗത്തെ ദേവിയോട് ശ്രീനിലയത്തിൽ ഗ്രീഷ്മ പാറശാല സ്വാദേശി ഷാരോൺ എന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ജ്യൂസിൽ കളനാശിനി കലർത്തി നൽകിയത്. അത്യാസന്ന നിലയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കേസിൽ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചിരുന്നു.