ന്യൂഡല്‍ഹി : ഛത്തീസ്ഗഢിലെ ഛിന്ദവാഡ ഗ്രാമത്തില്‍ മരിച്ച പാസ്റ്ററുടെ മൃതദേഹം തര്‍ക്കത്തെത്തുടര്‍ന്ന് സംസ്കരിക്കാന്‍ കഴിയാതെ 15 ദിവസമായി മോര്‍ച്ചറിയില്‍. പ്രശ്നം രമ്യമായി പരിഹരിച്ച് മാന്യമായ ശവസംസ്കാരം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഗ്രാമത്തിലെ ശ്മശാനത്തില്‍ പിതാവിനെ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകന് രമേശ് ബാഗേല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വിധി പറയാന്‍ മാറ്റി.
ഛിന്ദവാഡ ഗ്രാമത്തില്‍ നിന്ന് ഏകദേശം 20-30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് സംസ്കാരം നടത്തണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഗ്രാമത്തിന് പുറത്ത് സംസ്കാരം നടത്തുന്ന പാരമ്പര്യമാണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തിന്റെ വാദം ശുദ്ധ നുണയാണെന്ന് ബാഗേലിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തെ ഗ്രാമത്തിലെ ശ്മശാനത്തില്‍ തന്നെ സംസ്കരിച്ച നിരവധി കേസുകള്‍ ഉണ്ടെന്നും വാദത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കാരത്തിന് ഹിന്ദു ഗോത്രവിഭാഗക്കാര്‍ എതിര്‍ക്കുന്നതില്‍ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. വര്‍ഷങ്ങളായി ഇവിടെ ഇരു വിഭാഗവും ശവസംസ്കാരം നടത്തുന്നു. ഇതുവരെ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. സ്വകാര്യ ഭൂമിയില്‍ സംസ്കരിക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും തുഷാര്‍ മേത്ത എതിര്‍ക്കുകയായിരുന്നു.
ഹര്‍ജിക്കാരന്റെ ബന്ധുക്കളെ മുന്‍പ് ഇതേ ശ്മശാനത്തില്‍ അടക്കം ചെയ്തിരുന്നുവെന്നും അഭിഭാഷകന് വാദിച്ചു. നിശ്ചിത സ്ഥലത്ത് തന്നെ പിതാവിനേയും അടക്കം ചെയ്യാനാണ് ഹര്ജിക്കാരന് ആഗ്രഹിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഗ്രാമവാസികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പോലും അടക്കം ചെയ്യാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ക്രിസ്ത്യാനിയെ അവരുടെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്. അടക്കം ചെയ്യുന്നതില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ചെയ്തു. പൊലീസും ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്ന് ഹര്ജിക്കാരന് കോടതിയില്‍ വ്യക്തമാക്കി.