

ന്യൂഡല്‍ഹി : കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്കിയ കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. തട്ടിപ്പ് കേസിലെ പ്രതി അനിത പി. നായരോട്, അടിയന്തരമായി പാസ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതിയുടെ നടപടി ജുഡീഷ്യല്‍ സഭ്യതയ്ക്കും മര്യാദയ്ക്കും അച്ചടക്കത്തിനും നിരക്കുന്നതല്ലെന്നും കോടതി വിമർശിച്ചു.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ മുന്‍ ഉത്തരവ് ഭേദഗതിചെയ്യണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭേദഗതിക്കായി ഹൈക്കോടതിയെ സമീപിച്ചത് തങ്ങളില്‍ നിന്ന് മറച്ചുവെച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുതെന്നും അനിതയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കേളമംഗലം നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി അനിതയ്ക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ട് പോകരുതെന്നും പാസ്പോര്‍ട്ട് വിചാരണക്കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ അനിതയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതിനിടെ അനിതയ്ക്ക് പാസ്പോര്‍ട്ട് കൈമാറാനും ദുബായില്‍ സന്ദര്‍ശനം നടത്താനും അനുവദിച്ചുകൊണ്ട് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയില്‍ ഭേദഗതിവരുത്തിയ ഹൈക്കോടതി നടപടിയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.