ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് റദ്ദാക്കിയ സുപ്രീംകോടതി സര്‍ക്കാരിനെയും ഗവര്‍ണറെയും രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തി. സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് ഗവര്‍ണര്‍ അധികാരം അടിയറ വെച്ചുവെന്നും കോടതി വിധി പ്രസ്താവത്തില്‍ അഭിപ്രായപ്പെട്ടു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സ്വതന്ത്രമായാണ് നിയമനം നടത്തേണ്ടത്. നിയമന പ്രക്രിയയില്‍ പ്രോ ചാന്‍സലര്‍ പോലും ഇടപെടാന്‍ പാടില്ല. അത്തരം ഇടപെടല്‍ ഉണ്ടായാല്‍ നിയമനം തികച്ചും നിയമവിരുദ്ധമായിരിക്കും. നിയമന വിജ്ഞാപനം ചാന്‍സലര്‍ പുറപ്പെടുവിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകള്‍ മൂലം നിയമനത്തിലെ ചട്ടം അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടു തന്നെ നിയമനം അംഗീകരിച്ച ഹൈക്കോടതി വിധി അസാധുവാക്കുകയും അപ്പീല്‍ അനുവദിക്കുകയും ചെയ്യുന്നു.
ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വിസിയായി പുനര്‍നിയമിച്ചുകൊണ്ടുള്ള 2021 നവംബറിലെ വിജ്ഞാപനം റദ്ദാക്കുന്നതായും സുപ്രീംകോടതി പ്രസ്താവിച്ചു. ഗവര്‍ണറുടെ വാദങ്ങളും മാധ്യമവാര്‍ത്തകളും കൂടി ഉദ്ധരിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ നാലു വിഷയങ്ങളാണ് പരിഗണിച്ചതെന്നും, ഇതില്‍ മൂന്നെണ്ണത്തിലും സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുന്നതായും വിധി പ്രസ്താവം വായിച്ച ജസ്റ്റിസ് ജെ ബി പര്‍ദിവാല വ്യക്തമാക്കി.