ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദയുടെ സ്ഥാപകൻ രാംദേവിനെയും ബാലകൃഷ്ണയ്ക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ന് പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലുപ്പം പതഞ്ജലി ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യങ്ങൾക്ക് സമാനമാണോ എന്ന് കോടതി ചോദിച്ചു.
എന്തിനാണ് ഇപ്പോൾ മാപ്പ് പറഞ്ഞതെന്നും അത് നേരത്തേ ചെയ്യേണ്ടതായിരുന്നില്ലേ എന്നും കേസ് പരിഗണിച്ച ബെഞ്ച് ചോദിച്ചു. അതേസമയം, 10 ലക്ഷം രൂപ ചെലവിലാണ് 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്ന് രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. ഈ സമയത്തായിരുന്നു കോടതിയുടെ വിമർശനം.
മാപ്പപേക്ഷ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ..? നിങ്ങൾ നേരത്തെ നൽകിയ പരസ്യങ്ങളുടെ അതേ ഫോണ്ടിലും വലിപ്പത്തിലുമാണോ പരസ്യം നൽകിയതെന്നും ജസ്റ്റിസ് ഹിമ കോലി ചോദിച്ചു. മാപ്പപേക്ഷ നൽകാൻ കമ്പനി ലക്ഷങ്ങൾ ചെലവഴിച്ചുവെന്ന് റോഹത്ഗി പറഞ്ഞപ്പോൾ, അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നായിരുന്നു കോടതിയുടെ മറുപടി. പതഞ്ജലിക്കെതിരായ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐഎംഎ) 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പത്രങ്ങളിൽ മാപ്പ് പറയുമെന്ന് രാംദേവ് പറഞ്ഞതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. പത്രത്തിൽ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ രേഖകൾ സമർപ്പിക്കണമെന്നും അത് വലുതാക്കി വിതരണം ചെയ്യരുതെന്നും കോടതി നിർദേശിച്ചു.അതിന്റെ യഥാർഥ വലിപ്പം ഞങ്ങൾക്ക് കാണണം. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പതഞ്ജലി ആയുർവേദ് ദേശീയ ദിനപത്രങ്ങളിലാണ് ക്ഷമാപണം നടത്തിയത്. കോടതിയോട് തങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നും മാപ്പപേക്ഷയില് പറയുന്നു.രാംദേവിന്റെയും ബാലകൃഷ്ണയുടെയും ക്ഷമാപണം കോടതി നേരത്തെ നിരസിച്ചിരുന്നു.