ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണ പൗരന്മാര്ക്ക് ജുഡീഷ്യല്‍ ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള വിചാരണകളും മറ്റുമാണ് സുപ്രീംകോടതി സംപ്രേഷണം ചെയ്തിരുന്നത്. https://appstreaming.sci.gov.in എന്ന ലിങ്കില്‍ ഇനി മുതല്‍ തത്സമയ സ്ട്രീമിങ് കാണാന്‍ കഴിയും.
സ്വപ്നില്‍ ത്രിപാഠി (2018) കേസിലെ വിധിയില്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ സുപ്രീംകോടതി അനുകൂലിച്ചിരുന്നു. അതിനുശേഷം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലുമുള്ള പൗരന്മാര്ക്ക് സുപ്രീംകോടതിയുടെ നടപടികള്‍ കാണുന്നതിനായി തത്സമയ സംപ്രേഷണം ചെയ്യാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തുടനീളമുള്ള എല്ലാ കീഴ്ക്കോടതികളിലും വെര്‍ച്വല്‍ ഹിയറിങുകള്‍ സാധ്യമാക്കുന്നതിനായി സുപ്രീംകോടതി സ്വന്തം ക്ലൗഡ് സോഫ്റ്റ് വെയര്‍ സജ്ജീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. കോവിഡ് കാലത്ത് ഇന്ത്യയിലുടനീളമുള്ള കോടതികള്‍ വെര്‍ച്വല്‍ മോഡ് വഴി 43 ദശലക്ഷം ഹിയറിങുകള്‍ നടത്തിയെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.