ന്യൂഡൽഹി : അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റീസ് ഹേമന്ദ് എം. പ്രച്ഛക് അടക്കം ഗുജറാത്ത് ഹൈക്കോടതിയിലെ നാല് ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശിപാർശ. ജസ്റ്റീസ് ഹേമന്ദിനെ പറ്റ്ന ഹൈക്കോടതിയിലേക്കു മാറ്റാനാണ് ശിപാർശ ചെയ്തത്. രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നതിന്റെ തലേന്ന് മൂന്നിനു ചേർന്ന കൊളീജിയത്തിന്റേതാണു ശിപാർശ. ഗുജറാത്ത് കലാപത്തിലെ വ്യാജ തെളിവുകേസില്‍ എഫ്ഐആര്‍ ഒഴിവാക്കാനുള്ള ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനിന്ന ജസ്റ്റീസ് സമിര്‍ ദാവെ, ശിക്ഷ ഒഴിവാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയ ജസ്റ്റീസ് ഗീതാ ഗോപി എന്നിവരുടെ പേരും സ്ഥലംമാറ്റ ശിപാര്‍ശാ പട്ടികയിലുണ്ട്.
മെച്ചപ്പെട്ട നീതി നടപ്പാക്കാൻ എന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കൊളീജിയം ശിപാര്‍ശയില്‍ കാരണം വ്യക്തമാക്കിയിട്ടുള്ളത്. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഹേമന്ദ് പ്രച്ഛകിനെതിരേ സുപ്രീംകോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ, 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനും സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അലഹാബാദ്, ഗുജറാത്ത്, പഞ്ചാബ് ആൻഡ് ഹരിയാന, തെലുങ്കാന ഹൈക്കോടതികളില്‍ നിന്ന് നാലു ജഡ്ജിമാരെ സ്ഥലം മാറ്റും. കോല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് മൂന്നു ജഡ്ജിമാരെയും മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.