ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി ബിജെപി മുന്‍കൂട്ടി കണ്ടിരുന്നു. എന്നാലും ഇങ്ങനെ പൂട്ടിക്കളയുമെന്ന് വിചാരിച്ചിച്ചോ ? ഇല്ല . ഡിവൈ ചന്ദ്രചൂഡിനെപ്പോലൊരു ചീഫ് ജസ്റ്റിസ് ഇനി സുപ്രീംകോടതിയില്‍ ഉണ്ടാകാതിരിക്കാന്‍ നരേന്ദ്രമോദിയും അമിത് ഷായും ശ്രദ്ധിക്കുമെന്ന കാര്യം ഉറപ്പായി. അത്രക്ക് കനത്ത ആഘാതമാണ് ഇലക്ടറല്‍ബോണ്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നുമേറ്റത്. ബോണ്ട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി നേതൃത്വത്തിന് ഏതാണ്ട് തീര്‍ച്ചയായിരുന്നു. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അഞ്ച് വര്‍ഷമായി പരണത്തു വച്ചിരുന്ന പൗരത്വ ഭേദഗതി നിയമം പൊടി തട്ടിയെടുത്ത് വിജ്ഞാപനമാക്കി ഇറക്കിയതും അതുവഴി വര്‍ഗീയ ധ്രുവീകരണത്തിനുള്ള വഴിമരുന്നിട്ടതും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ബിജെപിയുടെ സര്‍വ്വ പ്രതീക്ഷകളെയും അതിലംഘിച്ചപ്പോള് അക്ഷരാര്‍ത്ഥത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും.
സുപ്രീംകോടതിയുടെ കര്‍ശന ഇടപെടലിനെയും നിര്‍ദ്ദേശങ്ങളെയും തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്കിയ സ്ഥാപനങ്ങളുടെയും വ്യക്തിയുടെയും പേരുവിവരങ്ങള്‍ അപൂര്‍ണ്ണമായ രീതിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. എന്നാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ വ്യാഴാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കണമെന്നും കമ്മീഷന് അത് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചത്. മാത്രമല്ല കൈമാറുന്നതിൽ കൂടുതൽ വിവരങ്ങള്‍ കൈവശമില്ലെന്ന് സത്യവാങ്ങ്മൂലം നല്‍കാനും എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിലാവുകയാണുണ്ടായത്. ഓരോ ബോണ്ടിലേയും സവിശേഷ നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ അടക്കമുള്ള വിശദാംശങ്ങൾ കൈമാറണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. സര്‍ക്കാരിനെയും കോര്‍പ്പറേറ്റുകളെയും ഒരേപോലെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് പരമോന്നത നീതിപീഠം കൈക്കൊണ്ടത്. ഈ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഏതൊക്കെ കമ്പനികള്‍ ഏതൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കിയെന്ന വിവരം പുറത്തുവരും. ഇതാണ് ബിജെപിയെ പരിഭ്രാന്തരാക്കുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരി 15 ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2018 ജനുവരിയിലാണ് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ടുകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. ഇതിനായി ഒരു സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. 2019 ഏപ്രില്‍ 1 മുതല്‍ 2024 ഫെബ്രുവരി 15 വരെ ഇലക്ടറല്‍ ബോണ്ടില്‍ സംഭാവന നല്കിയ സ്ഥാപനങ്ങളുടെ ലിസ്റ്റാണ് ബോണ്ട് ഇഷ്യു ചെയ്യാന്‍ അധികാരമുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഇതോടെയാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇലക്ടറല്‍ ബോണ്ടു വഴി സംഭാവന നല്കിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേര് പുറത്ത് വന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 12,156 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവനയായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതില്‍ പകുതിയും ഖനി, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ വമ്പന്മാരായ 20 കമ്പനികളില്‍ നിന്നാണ്. അനില്‍ അഗര്‍വാളിന്റെ വേദാന്ത, ലഷ്മി മിത്തലിന്റെ ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എവി ബിര്‍ളാ ഗ്രൂപ്പിന്റെ എസ്സെല്‍ മൈനിംഗ് എന്നിവരാണ് ഇലക്ടറല്‍ ബോണ്ടുവഴി സംഭാവന നല്കിയവരില് പ്രമുഖര്‍. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ഭരണകക്ഷി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കിയിവരില് വലിയൊരു വിഭാഗം. ഇത് സര്‍ക്കാരില്‍ നിന്നും അവിഹിതമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പ്രമുഖ 20 കമ്പനികള്‍ 5836 കോടി രൂപയോളമാണ് ഇലക്ടറല്‍ ബോണ്ട് വഴി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊടുത്തിട്ടുള്ളത്. ലോട്ടറി ഇടപാടിലെ കുപ്രസിദ്ധനായ സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ആസ്ഥാനമായ ഫ്യുച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സര്‍വ്വീസസ് ആണ് ഏറ്റവും അധികം തുക ഇലകട്റല്‍ ബോണ്ടുവഴി നല്‍കിയിട്ടുള്ളത്. 1668 കോടി. പിപി റെഡ്ഡിയുടെയും പിവി കൃഷ്ണറെഡ്ഡിയുടെയും ഉടമസ്ഥതയിലുള്ള മേഘാ എഞ്ചിനീറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് രണ്ടാം സ്ഥാനത്ത്. 966 കോടിയാണ് അവരുടെ സംഭാവന. ക്വിക്ക് സപ്ളൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ കൊടുത്തത് 410 കോടി രൂപയാണ്.
ഈ ബോണ്ടുകളിലൂടെ ബിജെപിക്ക് കിട്ടിയത് 6061 കോടി രൂപയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 1609 കോടി ലഭിച്ചു. കോണ്‍ഗ്രസിന് 1421കോടി. ഇങ്ങനെ കോടികള്‍ ബോണ്ടിലൂടെ നല്കിയ കമ്പനികളില്‍ പലതും ഷെല്‍ കമ്പനികളാണ് എന്ന ആരോപണം ശക്തമായുണ്ട്. ഇലക്ടറല്‍ ബോണ്ട് വഴി കമ്പനികൾ നൽകിയ പണത്തിന്റെ 47 ശതമാനവും കിട്ടിയത് രാജ്യം ഭരിക്കുന്ന ബിജെപിക്ക് തന്നെയാണ്. പാക്കിസ്ഥാന് കമ്പനിയായ ഹബ്പവര് കമ്പനി, ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് സംഭാവന നല്‍കിയത് 2019 ഏപ്രില്‍ മാസത്തിലാണ്. അതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ഭീകരാക്രമണം പാക് അനുകൂല തീവ്രവാദികള്‍ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയസുരക്ഷ പോലും പണത്തിന്റെ പേരില്‍ ബിജെപി അവഗണിക്കുകയാണെന്ന ശക്തമായ ആരോപണമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഉയര്‍ത്തിയിരിക്കുന്നത്. മൊത്തം 966 കോടി സംഭാവന ചെയ്ത മേഘ എഞ്ചിനീയറിംഗ് & ഇന്‍ഫ്ര എന്ന കമ്പനി 2023 ഏപ്രിലില്‍ 140 കോടി രൂപ ബിജെപിക്ക് നല്കി. ഒരു മാസത്തിനുള്ളില്‍ 14,400 കോടിയുടെ താനെ-ബോറിവല്ലി ഇരട്ട ടണല്‍ പദ്ധതിയുടെ നിർമ്മാണക്കരാർ ഇവര്‍ക്ക് കിട്ടിയെന്നും കോണ്‍ഗ്രസും ഇടതുപക്ഷവും ചൂണ്ടിക്കാട്ടുന്നു.
2022 ഏപ്രില്‍ രണ്ടിനാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യുച്ചര്‍ ഗെയിമിംഗ് ആന്റ് റിസോര്‍ട്ട്സില്‍ ഇഡി റെയ്ഡ് നടത്തുകയും കമ്പനിയുടെ 400 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തത്. എപ്രില്‍ 7ന് ഇവര്‍ ബിജെപിക്ക് 100 കോടി നല്‍കിയതായി ബാങ്കിന്റെ രേഖകളിലുണ്ട്. 2023 ഒക്ടോബറില്‍ ഇവിടെ വീണ്ടും ഇന്‍കം ടാക്സ് റെയ്ഡ് നടക്കുകയും ആ മാസം തന്നെ അവര്‍ വീണ്ടും ബിജെപിക്ക് 65 കോടി നല്‍കുകയും ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. കൂടാതെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് കമ്പനിയുടെ ചെയര്മാന് ചാള്‍സ് ജോസ് മാര്‍ട്ടിനുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്. ആദ്യം സൂചിപ്പിച്ച പോലെ ഈ വിഷയത്തില്‍ തിരിച്ചടി ബിജെപി പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ സുപ്രീ കോടതി ഇത്രയും ഉറച്ച നിലപാടോടെ മുന്നോട്ടുപോകുമെന്ന് അവര്‍ കരുതിയില്ല. ബിജെപിയെയും കോര്‍പ്പറേറ്റു ചങ്ങാതിമാരെയും ഒരുപോലെ പൂട്ടുകയാണ് സുപ്രീം കോടതി ചെയ്തത്. തെരെഞ്ഞെടുപ്പു കഴിഞ്ഞാലും ഈ ആഘാതത്തില്‍ നിന്നും ബിജെപി അത്ര പെട്ടെന്ന് പുറത്തു കടക്കില്ലെന്ന കാര്യം ഉറപ്പാണ്