ന്യൂഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 19,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ അടിയന്തര ആവശ്യത്തില്‍ ഇന്ന് വിശദമായ വാദം നടക്കും.വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് വിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമെടുക്കും.
കോടതി നിര്‍ദേശപ്രകാരം 13,600 കോടി രൂപയുടെ വായ്പാ പരിധി കേന്ദ്രം നേരത്തെ ഉയര്‍ത്തിയിരുന്നു. കൂടുതല്‍ തുകയ്ക്ക് വേണ്ടിയുള്ള വാദമാണ് ഇന്ന് നടക്കുക.മാര്‍ച്ച് 31നകം കൂടുതല്‍ തുകയ്ക്കുള്ള വായ്പ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം.കോടതി നടപടികളില്‍ നിന്നു പിന്മാറിയാല് 5,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കേരളം തള്ളിയിരുന്നു. അടുത്ത വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍നിന്ന് ഈ തുക കുറയ്ക്കുമെന്ന വ്യവസ്ഥയോടെ ആയിരുന്നു വാഗ്ദാനം.കടമെടുപ്പിന് പരിധി നിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സ്യൂട്ട് ഫയല്‍ ചെയ്തത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുമ്പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ള 13,608 കോടി രൂപ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.