ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ സുപ്രീംകോടതി വാദം കേട്ടില്ല . അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എ.എ.പി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കെജ്രിവാളിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം ഇ.ഡി 15 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയേക്കും. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ജയിലിൽനിന്നു ഭരണം തുടരുമെന്നും ഡൽഹി മന്ത്രി അതിഷി വ്യക്തമാക്കി.
കെജ്രിവാളിന്റെ അറസ്റ്റിനു പിന്നാലെയായിരുന്നു എ.എ.പി നേതൃത്വം അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാറെ സമീപ്പിച്ചത്. ഇന്നലെ രാത്രി 11.45ഓടെ വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബന്ധപ്പെട്ടു. പിന്നാലെയാണ് അടിയന്തരമായി വാദം കേൾക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്. ഇന്ന് രാവിലെ 10.30നു തന്നെ വിഷയം മെൻഷൻ ചെയ്ത ശേഷം പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, കെജ്രിവാളിനെ വസതിയിൽനിന്ന് ഇ.ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 9 മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂറിലേറെ നേരം നീണ്ട ചോദ്യംചെയ്യലിനുശേഷമായിരുന്നു നടപടി. അദ്ദേഹത്തിന്റെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.അതേസമയം, ഔദ്യോഗിക വസതിക്കു പുറത്ത് ഉൾപ്പെടെ ശക്തമായ പ്രതിഷേധം തുടരുന്നതിനാൽ കെജ്രിവാളിനെ ഏറെനേരം ഇ.ഡി ആസ്ഥാനത്തേക്കു കൊണ്ടുപോകാനായിരുന്നില്ല. എ.എ.പി പ്രവർത്തകർ ഡൽഹി നിരത്തുകൾ ഉപരോധിച്ചു . ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് നടന്നത്. പ്രതിപക്ഷ കക്ഷികളെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.എം ഉള്‍പ്പെടെയുള്ള കക്ഷികളെല്ലാം കടുത്ത ഭാഷയിലാണു പ്രതികരിച്ചത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു
നേരത്തെ, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് എ.എ.പി സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും അപ്പോഴേക്കും നടപടിയുണ്ടാകുകയായിരുന്നു. ഇ.ഡിയുടെ അറസ്റ്റ് നടപടിയിൽനിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ അരവിന്ദ് കെജ്രിവാൾ സമീപിച്ചിരുന്നെങ്കിലും അനുകൂല നടപടിയല്ല ഉണ്ടായത്. ജസ്റ്റിസ് സുരേഷ് കുമാർ ആണ് അറസ്റ്റിൽനിന്നു സംരക്ഷണം തേടിയുള്ള കെജ്രിവാളിന്റെ ഹർജി പരിഗണിച്ചത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി കോടതിക്കു മുൻപാകെ സമർപ്പിച്ചിരുന്നു. കെജ്രിവാളിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല. ഇത് ഒൻപതാമത്തെ സമൻസിലാണ് കെജ്രിവാൾ ഹാജരാകാൻ കൂട്ടാകാതിരുന്നത്.