ന്യൂഡൽഹി : ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ നടത്താനായുള്ള അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവെ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാൽപര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.