ന്യൂഡൽഹി: വായ്പാ പരിധിയുൾപ്പടെ വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. 25ന് ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി കേന്ദ്ര ധനകാര്യ മന്ത്രാലയം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതായി ചൂണ്ടിക്കാട്ടി ആയിരുന്നു ഹർജി.
ജസ്റ്റിസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന തർക്കങ്ങളിൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന് പരാമർശിക്കുന്ന ഭരണഘടന 131ആം അനുച്ഛേദ പ്രകാരമായിരുന്നു കേരളത്തിന്റെ ഹർജി. ക്ഷേമപെൻഷനും ശമ്പളവും നൽകുന്നതിൽ പോലും സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നതായി കേരളം ഹരജിയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരായി. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി 25 ന് പരിഗണിക്കും.