ന്യൂഡൽഹി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇഡി അറസ്റ്റു ചെയ്ത മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെ മൂൻകൂർ ജാമ്യ ഹർജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. സർക്കാർ നാല് ആഴ്ചയ്ക്കകം മറുപടി നൽകണം.
കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഭാസുരാംഗനെ ഇഡി അറസ്റ്റു ചെയ്തിരിക്കുന്നത്. കേരള പൊലീസും ഇതുമായി ബന്ധപ്പെട്ട് കേസുകൾ എടുത്തിട്ടുണ്ട്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയാണ് ഭാസുരാംഗൻ സുപ്രീംകോടതിയിൽ എത്തിയത്. കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. തനിക്ക് ക്രമക്കേടുമായി ബന്ധമില്ലെന്നും താൻ കുറച്ചുനാൾ ബാങ്കിന്റെ പ്രസിഡന്റായി ഇരുന്നിട്ടുള്ളുവെന്നും ഭാസുരാംഗൻ ഹർജിയിൽ പറഞ്ഞു. തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഭാസുരാംഗൻ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.