ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ പുതിയ നിയമം അനുസരിച്ച് നിയമിച്ചതിനെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. ഹര്‍ജി വന്നതിനു ശേഷം നിയമന സമിതി ഒരു ദിവസം നേരത്തെ യോഗം ചേര്‍ന്നു തീരുമാനമെടുത്തതായി ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇക്കാര്യം പ്രത്യേക അപേക്ഷയായി നല്കാന് കോടതി നിര്‍ദേശിച്ചു. പുതിയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള നിയമന കമ്മിറ്റിയാണ് പുതിയ നിയമപ്രകാരം ഉള്ളത്. കോടതി ഉത്തരവ് മറികടക്കാനാണ് പുതിയ നിയമം കൊണ്ടുവന്നത് എന്നാണ് ഹര്‍ജിക്കാരുടെ വാദം.