ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി എപ്രിൽ ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഹർജികളിൽ മറുപടി നൽകാൻ നാല് ആഴ്ചവേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച സുപ്രിം കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്.
മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള സർക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹർജികൾ മുൻവിധിയോടെയെന്നും കേന്ദ്രം വാദിച്ചു. ഉപഹർജികളില്‍ മറുപടി നല്കാന് നാല് ആഴ്ച സാവകാശം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സാവകാശം ചോദിക്കാൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.
എന്നാൽ നാല് വർഷത്തിന് ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്ലിം ലീഗ് വാദിച്ചു. ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹർജികൾ നിലനിൽക്കില്ല.ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണ്, അതിനാലാണ് സ്റ്റേ ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാർ ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാൻ വിജ്ഞാപനം ഇറക്കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹരജിക്കാർ വാദിച്ചത്. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാര്‍ പറയുന്നു.