വാരാണസി:ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജനടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ജനുവരി 31നാണ് ഗ്യാൻവാപി പള്ളി ബേസ്മെന്റിലെ നാല് നിലവറകളിൽ ഒന്നായ ‘വ്യാസ് ജി കാ തെഹ്ഖാനാ’യിൽ (വ്യാസന്റെ നിലവറ) പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. പൂജകൾ നടത്താൻ ഏഴ് ദിവസത്തിനുള്ളിൽ ജില്ലാ അധികൃതർ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കോടതിയുത്തരവിനു പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗം ആരാധന നടത്തിയിരുന്നു. കാശി വിശ്വനാഥ് ക്ഷേത്രം ട്രസ്റ്റ് ബോർഡ് നിയോഗിച്ച പൂജാരിയാണ് പൂജ നടത്തിയത്.
നിലവിൽ ആരാധനയ്ക്ക് അനുമതി നൽകിയ നിലവറ സോംനാഥ്വ്യാസിന്റെ കുടുംബത്തിന്റെ പക്കലായിരുന്നുവെന്നും 1993 നവംബർ വരെ അവിടെ ശൃംഗാർ ഗൗരി ഉൾപ്പടെയുള്ള വിഗ്രഹങ്ങൾക്ക് പൂജകൾ നടത്തിയിരുന്നുവെന്നും അവകാശപ്പെട്ട് സോംനാഥ്വ്യാസിന്റെ പൗത്രനും ആചാര്യ വേദവ്യാസപീഠ് ക്ഷേത്രം മുഖ്യപുരോഹിതനുമായ ശൈലേന്ദ്രകുമാർ പഥക് വ്യാസാണ് ജില്ലാക്കോടതിയെ സമീപിച്ചത്.