ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പൂർണവിവരം വെളിപ്പെടുത്താത്തതിൽ എസ്ബിഐക്ക് സുപ്രിംകോടതി വിമർശനം. ബോണ്ടിന്റെ സീരിയൽ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ വെളിപ്പെടുത്തണം . തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും എസ്ബിഐയോട് കോടതി നിർദേശിച്ചു.
ബോണ്ട് നൽകിയവരുടെ പേര് , തിയതി , എത്ര ബോണ്ട് വാങ്ങി എന്നതടക്കമുള്ള പൂർണ വിവരം ലഭ്യമാക്കണമെന്ന് സുപ്രിംകോടതി സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയോട് നിർദേശിച്ചു . 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള 22 ,217 ബോണ്ടുകളുടെ വിവരങ്ങളാണ് എസ്ബിഐ നൽകിയത്. തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രിംകോടതി ഉത്തരവ് പൂർണാർത്ഥത്തിൽ എസ്ബിഐ പാലിച്ചിട്ടില്ലെന്നു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് എസ്ബിഐ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു . താൻ ഹാജരാകുന്നത് എസ്ബിഐയ്ക്ക് വേണ്ടിയല്ലെന്നു ചൂണ്ടിക്കാട്ടിയ തുഷാർ മേത്ത , എസ്ബിഐയെ കക്ഷിയാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം കൂടി മുന്നോട്ട് വച്ചു . ഇതേ തുടർന്നാണ് നോട്ടീസ് അയക്കുകയും തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി അറിയിക്കാൻ നിർദേശിക്കുകയും ചെയ്തത്.
മുദ്രവച്ച കവറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച രേഖകൾ സ്കാൻ ചെയ്തു സൂക്ഷിച്ച ശേഷം, വിട്ടു നൽകാൻ രെജിസ്ട്രിക്ക് കോടതി നിർദേശം നൽകി . ഈ രേഖകൾ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ബോണ്ടുകളുടെ യുണീക് നമ്പർ ഒഴികെയുള്ള എല്ലാ വിശദംശങ്ങളും കമ്മീഷൻ വെളിപ്പെടുത്തണം. എസ്ബിഐ നൽകിയ കണക്കുകളിലെ പൊരുത്തക്കേട് പ്രശാന്ത് ഭൂഷൺ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.18 .871 കമ്പനികളാണ് ബോണ്ട് വാങ്ങിയത് എന്നാൽ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ 20 .421 എൻട്രികളുണ്ട് . ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന നൽകിയ 30 കമ്പനികളിൽ 14 എണ്ണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണ നടപടികൾക്കും പരിശോധനകൾക്കും വിധേയരായവരാണ്.