ന്യൂഡൽഹി: പിന്നാക്കവിഭാഗങ്ങളിലെ സാമൂഹികമായി മെച്ചപ്പെട്ട ഉപജാതികളെ സംവരണപ്പട്ടികയിൽനിന്നും ഒഴിവാക്കിക്കൂടേയെന്ന ചോദ്യവുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച്. സംവരണപട്ടികയിൽനിന്നും ഒഴിവാക്കലുകൾ ആലോചിക്കാത്തത് എന്തുകൊണ്ടാണ്. ചില ഉപജാതികൾ സാമൂഹികമായി ഏറെ പുരോഗമിച്ചിട്ടുണ്ട്. അവരുടെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കാൻ മടിക്കുന്നതെന്തിന്. ഒഴിവാക്കപ്പെടുന്നവരുടെ സ്ഥാനത്ത് സംവരണാനുകൂല്യങ്ങൾ ആവശ്യമുള്ള ഇപ്പോഴും പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്താമെന്നും -ഭരണഘടനാബെഞ്ച് അംഗമായ ജസ്റ്റിസ് വിക്രംനാഥ് നിരീക്ഷിച്ചു.
ഏഴംഗ ഭരണഘടനാബെഞ്ചിലെ മറ്റ് ജഡ്ജിമാർ ജസ്റ്റിസ് വിക്രംനാഥിന്റെ നിരീക്ഷണത്തോട് യോജിച്ചു. ഐഎഎസോ ഐപിഎസോ കിട്ടിയ വ്യക്തിയുടെ കുടുംബത്തിന് തലമുറകളോളം സംവരണം നൽകുന്നതിൽ അർഥമില്ലെന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് ചൂണ്ടിക്കാണിച്ചു. അതേസമയം, ഇക്കാര്യത്തില് പാർലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംവരണമെന്ന ആശയത്തിൽ തന്നെ ഒഴിവാക്കലെന്ന കാഴ്ചപ്പാടും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭരണഘടനാബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. പിന്നാക്ക സമുദായങ്ങൾക്ക് സംവരണം നൽകുമ്പോൾ അവിടെ മുന്നാക്കസമുദായങ്ങളെ ഒഴിവാക്കുന്നുണ്ട്. സാധാരണഗതിയിലുള്ള തുല്യതയുടെ പോരായ്മകൾ തിരിച്ചറിഞ്ഞുള്ള തുല്യതാസങ്കൽപ്പത്തിലാണ് നമ്മൾ വിശ്വസിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ളിൽ കൂടുതൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള വിഭാഗങ്ങളെ കണ്ടെത്താനും ഉപവർഗീകരണം നടത്താനും സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോയെന്ന നിയമപ്രശ്നമാണ് ഏഴംഗ ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. കൂടുതൽ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ കണ്ടെത്താൻ ഉപവർഗീകരണം നടത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ടെന്ന് പഞ്ചാബ് സർക്കാർ വാദിച്ചു. ഉപവർഗീകരണം അനുവദനീയമല്ലെന്ന് 2005ൽ ഇ വി ചിന്നയ്യ കേസിൽ സുപ്രീംകോടതി അഞ്ചംഗബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തി. 2005ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് 2020ൽ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് തീരുമാനിച്ചു. തുടർന്നാണ് വിഷയം ഏഴംഗബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.