ന്യൂഡല്‍ഹി: അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണത്തിനായി തയാറാക്കിയ എല്‍ഇഡി സ്ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി.ക്ഷേത്രത്തിലെ ചടങ്ങുകളുടെ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് എന്നുള്ളത് വിലക്കിന് കാരണമല്ലെന്നും അനുമതി തേടുന്നവര്‍ക്ക് നിയമപരമായ അനുമതി നല്‍കണമെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ക്ഷേത്ര പ്രതിഷ്ഠാചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് വേണ്ടി തയാറാക്കിയ നാനൂറോളം സ്ക്രീനുകള്‍ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ സംസ്ഥാനത്തെ ബിജെപി നേതൃത്വമാണ് കോടതിയെ സമീപിച്ചത്.
പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് എല്ലാവിധ പൂജകളും അര്‍ച്ചനയും അന്നദാനവും നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചെന്ന് കാട്ടിയായിരുന്നു ഹര്‍ജി. കോടതിയുടെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ അത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുകയായിരുന്നു.അതേസമയം ഹര്‍ജിയില്‍ ആരോപിക്കുന്നതുപോലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.