ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് തിരിച്ചറിയൽ നമ്പറടക്കം എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് 2019 ഏപ്രിൽ 12 മുതലുള്ള മുഴുവൻ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.കേസിൽ എസ്ബിഐക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി ഉയർത്തിയത്.
ഇത് കൈമാറിയ ശേഷം വ്യാഴാഴ്ച അഞ്ചു മണിക്ക് മുമ്പ് എല്ലാ വിവരങ്ങളും കൈമാറിയെന്ന് എസ്.ബി.ഐ ചെയർമാൻ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു വിവരവും പിടിച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരങ്ങളും നൽകാനാണ് ആവശ്യപ്പെട്ടതെന്ന് കോടതി പറഞ്ഞു. ആല്‍ഫാ ന്യൂമറിക്കല്‍ കോഡ് വെളിപ്പെടുത്താമെന്ന് എസ്ബിഐ അറിയിച്ചു.
ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന സുപ്രീംകോടതിയുടെ അന്വേഷണത്തിന് മറുപടി നൽകുകയായിരുന്നു എസ്ബിഐ. ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയിൽ നമ്പറിലൂടെ മാത്രമേ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകൂ. തിരിച്ചറിയിൽ കോഡ് പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കണമെന്ന് വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടു. വ്യവസായ സംഘടനകളുടെ ആവശ്യം ഇപ്പോൾ കേൾക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.