ന്യൂഡല്‍ഹി : വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തുടരാമെന്ന് സുപ്രീംകോടതി. ഖനനം പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേക്ക് അനുമതി നല്കിയ അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍വേ കൊണ്ട് പള്ളിക്ക് കേടുപാട് പറ്റില്ലെന്ന പുരാവസ്തു വകുപ്പിന്റെ വാദം കോടതി അംഗീകരിച്ചു. സര്‍വേ ശരിവെച്ച ഹൈക്കോടതി വിധി കൃത്യമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചരിത്രത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭൂതകാലത്തിന്റെ മുറിവുകൾ വീണ്ടും തുറക്കുമെന്നും ഹർജിക്കാരായ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി വാദിച്ചു. ചരിത്രത്തിലേക്കുള്ള ഖനനം ആരാധനാലയങ്ങളുടെ നിയമം ലംഘിക്കുന്നതും സാഹോദര്യത്തെയും മതേതരത്വത്തെയും തടസ്സപ്പെടുത്തുന്നതുമാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുസേഫ അഹ്മദി പറഞ്ഞു. എന്നാൽ ഖനനം നടത്തില്ലെന്നും, സർവേ കൊണ്ട് കെട്ടിടത്തിന് ഒരുകേടുപാടും സംഭവിക്കില്ലെന്നും ആർക്കിയോളജിക്കൽ സർവേ അറിയിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതി സർവേക്ക് അനുമതി നൽകിയത്.