ന്യൂഡൽഹി: അനുബന്ധ കുറ്റപത്രങ്ങൾ ഫയൽ ചെയ്തും അന്വേഷണം നീട്ടിയും പ്രതികളെ അനന്തമായി ജയിലിൽ തളച്ചിടുന്ന ഇ.ഡിയുടെ തന്ത്രത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കൂടാതെ പ്രതിയെ തടങ്കലിലിടുന്നത് മൗലികാവകാശമായ സ്വതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയും മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായിയുമായ പ്രേം പ്രകാശ് 18 മാസത്തോളമായി ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച്.നാല് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടും അന്വേഷണം തുടരുകയാണെന്ന ഇ.ഡിയുടെ നിലപാടിനെ സുപ്രീംകോടതി ചോദ്യം ചെയ്തു. കുറ്റങ്ങളുടെ ഗൗരവം അനുസരിച്ച് അറുപതോ, തൊണ്ണൂറോ ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യത്തിന് (ഡിഫോൾട്ട് ബെയ്ൽ) അവകാശമുണ്ട്.
വിചാരണ ആരംഭിക്കാതെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് സ്വാതന്ത്ര്യം നിഷേധിച്ച് തടങ്കലിടുന്നതിന് തുല്യമാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കേസിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ഒരു മാസത്തിനകം ഇ.ഡി മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രേം പ്രകാശിന്റെ ജാമ്യാപേക്ഷ ഏപ്രിൽ 29ന് പരിഗണിക്കും.ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ജാമ്യാപേക്ഷയെ എതിർത്തു.
2022 ആഗസ്റ്റിലാണ് റാഞ്ചിയിലെ വീട്ടിൽ നിന്ന് പ്രേം പ്രകാശിനെ അറസ്റ്റ് ചെയ്തത്. രണ്ട് എ.കെ. 47 തോക്കുകൾ, 60 വെടിയുണ്ടകൾ എന്നിവയടക്കം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കലിനും ആയുധ നിയമപ്രകാരവും കേസെടുത്തു. ഈ മാസം ഒന്നിനാണ് നാലാമത്തെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ഉത്തരം പറയണം, വിചാരണ വേണം
1. എന്തുകൊണ്ട് അന്വേഷണം പൂർത്തിയാക്കുന്നില്ല
2. എന്തുകൊണ്ട് അനുബന്ധ കുറ്റപത്രങ്ങൾ ഒന്നിനു പിറകേ ഒന്നായി വരുന്നു. അത് അനുവദിക്കാൻ കഴിയില്ല.
2. അന്വേഷണം പൂർത്തിയായില്ലെന്ന് വാദിച്ച് വിചാരണ തുടങ്ങരുതെന്ന് പറയാൻ ഇ.ഡിക്ക് കഴിയില്ല.
അറസ്റ്റ് ചെയ്താൽ വിചാരണ ഉടൻ തുടങ്ങേണ്ടതുണ്ട്
( കോടതിയുടെ നിരീക്ഷണങ്ങൾ)