ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ കശാപ്പ് ചെയ്തെ നടപടിയാണ് തെരഞ്ഞെടുപ്പിൽ നടന്നതെന്നും വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.ആംആദ്മിപാർട്ടി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഇന്ന് വൈകുന്നേരം അഞ്ചിനു മുന്പ് എല്ലാ രേഖകളും ഹാജരാക്കണമെന്നും റിട്ടോണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ എട്ട് വോട്ടുകൾ അസാധുവായതിനെ തുടർന്ന് ബിജെപി സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി – കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. 16 വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചപ്പോൾ ഇന്ത്യ സഖ്യത്തിന് 12 വോട്ടുകളും ലഭിച്ചു. പ്രിസൈഡിംഗ് ഓഫീസർ തെരഞ്ഞെടുപ്പിൽ തിരിമറി കാണിച്ചതുമൂലമാണ് വോട്ട് അസാധുവായതെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തുവന്നിരുന്നു.