ന്യൂഡല്‍ഹി: പിണറായി വിജയൻ പ്രതിസ്ഥാനത്തുള്ള ലാവ്ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റി . 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് വാദിക്കാൻ തയാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.
കേസ് അടിയന്തരമായി കേൾക്കണമെന്ന് കോടതിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടു. മാർച്ചിലോ ഏപ്രിലിലോ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ട സി.ബിഐ കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ആറു വർഷം മുൻപാണ് എതിർകക്ഷികൾക്ക് ആദ്യ നോട്ടിസ് അയച്ചത്. പിന്നീട് തുടർച്ചയായി മാറ്റിവയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. പിണറായി ഉൾപ്പെടെ മൂന്നുപേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട്, 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടിസ് അയച്ചു.
കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദംകേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി. അപ്പീൽ നൽകിയ സി.ബി.ഐ പലതവണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ, യു.യു ലളിത്, എം.ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽനിന്നു വിരമിച്ചു. കേസിന്റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.