തിരുവനന്തപുരം : സെപ്തംബർ അഞ്ചുമുതൽ സംസ്ഥാനത്ത് 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഇവ പ്രവർത്തിക്കും.
ജില്ലാ, സംസ്ഥാനമേളയ്ക്ക് പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും. ഹോർട്ടികോർപ്, കുടുംബശ്രീ, മിൽമ ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്ക്കുണ്ടാകും. കഴിഞ്ഞവർഷത്തേതുപോലെ സബ്സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർമേളയുമുണ്ടാകും. സബ്സിഡി സാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും. ബുധനാഴ്ച സപ്ലൈകോ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ജി ആർ അനിൽ വിളിച്ചുചേർത്തിട്ടുണ്ട്.
ആറുലക്ഷം കിറ്റുകൾ
ഓണത്തിന് മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റുകളാണ് റേഷൻകടകളിലൂടെ നൽകുക. കിറ്റ് വിതരണത്തിന് 35 കോടി രൂപയോളംവേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.