തിരുവനന്തപുരം : വിലക്കുറവിന്റെ വിപണിയൊരുക്കി സംസ്ഥാനത്ത് ഇന്നു മുതൽ ഓണം ഫെയറുകൾക്ക് തുടക്കമാകും. സപ്ലൈകോയും കൺസ്യൂമർഫെഡുമാണ് വിപണി ഇടപെടലുമായി ജനങ്ങൾക്ക് ആശ്വാസമേകുന്നത്. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സപ്ലൈകോ ഓണം ഫെയർ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളിൽ ശനിയാഴ്ച ആരംഭിക്കും.
സപ്ലൈകോ ജില്ലാ ഓണം ഫെയറിനുപുറമെ 23 മുതൽ 28 വരെ താലൂക്ക് ഫെയറുകളും നിയോജകമണ്ഡല അടിസ്ഥാനത്തിലുള്ള ഫെയറുകളും പ്രവർത്തിക്കും. ഓണം ഫെയറിലും സപ്ലൈകോ വിൽപ്പനശാലകളിലും സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കുപുറമെ 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവുമുണ്ട്. അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവും കോംബോ ഓഫറുമുണ്ട്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് സമ്മാനിക്കാൻ 500, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ഒരുക്കി. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമാണ്. ജില്ലാ ഫെയറുകൾ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ്.
കൺസ്യൂമർഫെഡിന്റെ സഹകരണ ഓണവിപണികളും ശനിയാഴ്ച തുടങ്ങും. 28 വരെയുണ്ടാകും. സംസ്ഥാന ഉദ്ഘാടനം ഞായർ പകൽ 11.30ന് എറണാകുളം ഗാന്ധിനഗറിലെ കൺസ്യൂമർഫെഡ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. ജില്ലയിൽ 142 ചന്തകളുണ്ടാകും.
സഹകരണ സംഘങ്ങളുമായി സഹകരിച്ച് കൺസ്യൂമർഫെഡ് 1500 ഓണച്ചന്തകളാണ് നടത്തുന്നത്. ഇതിൽ 175 എണ്ണം ത്രിവേണി നേരിട്ടാണ്. 13 ഇനങ്ങൾ സർക്കാർ സബ്സിഡിയോടെ നൽകും. പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കിഴിവിൽ നോൺ സബ്സിഡി സാധനങ്ങളും പച്ചക്കറിയും ലഭ്യമാക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡിയിൽ ലഭ്യമാക്കുന്നത്. റേഷൻ കാർഡുമായി വന്ന് ഇവ വാങ്ങാം. പൊതുവിപണിയിൽ 1200 രൂപ വരുന്ന ഉൽപ്പന്നങ്ങൾ 462.50 രൂപയ്ക്കാണ് നൽകുന്നത്