തിരുവനന്തപുരം : പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജിനികാന്ത് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സൂപ്പർതാരത്തിന് ആരാധകരും ചലച്ചിത്രപ്രവർത്തകരും ഗംഭീരവരവേല്പാണ് നല്കിയത്.
തലൈവർ 170 എന്ന് താത്കാലികമായി പേരുനല്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജ്ഞാനവേൽ ആണ്. ജയിലറിന്റെ വൻവിജയത്തിനു ശേഷം അഭിനയിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷത്തിലാണ് രജിനി എത്തുന്നതെന്നാണ് സൂചന.
നടി മഞ്ജു വാര്യരും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു. കൂടാതെ റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
ബാഹുബലി താരം റാണ ദഗുഭാട്ടി രജിനിക്കൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു.