ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 287 റൺസ് ഹൈദരാബാദ് നേടിയപ്പോൾ ബെംഗളൂരുവിന്റെ തോൽവി എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ അസാധ്യമെന്ന് തോന്നിച്ച വലിയ ലക്ഷ്യത്തിനായി കോഹ്ലിയും ഡുപ്ലെസ്സിയും ദിനേശ് കാർത്തികും ആഞ്ഞു ശ്രമിച്ചു. ലക്ഷ്യത്തിന് 25 റൺസ് അകലെ ടീമിന്റെ പോരാട്ടം അവസാനിച്ചെങ്കിലും ആരാധകരുടെ മനസ്സ് കീഴടക്കാൻ ബെംഗളൂരുവിനായി. തോൽവി മുന്നിൽ കണ്ടപ്പോഴും പതറാതെ പൊരുതിയ കാർത്തികിന് സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കയ്യടിയും നൽകി. സംഭവ ബഹുലമായിരുന്നു ഹൈദരാബാദ്-ബെംഗളൂരു പോരാട്ടം.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് സൺറൈസേഴ്സ് ബെംഗളൂരുവിൽ കുറിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കുറിച്ച 277 റണ്‍സെന്ന സ്വന്തം ടോട്ടല്‍ തന്നെയാണ് ആര്‍സിബിക്കെതിരേ ഹൈദരാബാദ് മറികടന്നത്. ടി20-യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയായിരുന്നു ഇത്. 2023-ല്‍ മംഗോളിയക്കെതിരെ നേപ്പാള്‍ അടിച്ചെടുത്ത 314 റണ്‍സാണ് ഒന്നാം സ്ഥാനത്ത്.
സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 41 പന്തുകള്‍ നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 102 റണ്‍സെടുത്തു. ക്ലാസൻ 31 പന്തില്‍ നിന്ന് ഏഴു സിക്സും രണ്ട് ഫോറുമടക്കം അടിച്ചെടുത്തത് 67 റണ്‍സ്. പിന്നീട് മാര്‍ക്രം 17 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സും സമദ് 10 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 37 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങ്ങിൽ ബെംഗളൂരുവിനായി കോഹ്ലിയും ഡുപ്ലെസ്സിയും മികച്ച തുടക്കം നൽകി. 20 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത കോഹ്ലി 7ാം ഓവറിൽ പുറത്തായി. പിന്നാലെ വില്‍ ജാക്ക്സ് (7), രജത് പാട്ടിദാര്‍ (9), സൗരവ് ചൗഹാന് (0) എന്നിവര്‍ തുടരെ മടങ്ങിയതോടെ ആര്‍സിബി പതറി. ഡുപ്ലെസി മാത്രമാണ് ഈ സമയം പൊരുതിയത്. 28 പന്തില്‍ നിന്ന് നാല് സിക്സും ഏഴ് ഫോറുമടക്കം 62 റണ്‍സെടുത്ത ഡുപ്ലെസിയെ 10-ാം ഓവറില്‍ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആ പോരാട്ടം അവസാനിപ്പിച്ചു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്ക് മത്സരം വീണ്ടും ആവേശകരമാക്കി. 35 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 83 റണ്‍സുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ആര്‍സിബിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മായങ്ക് മാര്‍ക്കാണ്ഡെ രണ്ട് വിക്കറ്റെടുത്തു.
ഏഴു മത്സരങ്ങളില്‍ ആര്‍സിബിയുടെ ആറാം തോല്‍വിയാണിത്. ഒരു ജയവുമായി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാലാം ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.