ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസ് മിസ്റ്ററി സ്പിന്നര്‍ സുനില്‍ നരെയ്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. കുറച്ച് വര്‍ഷങ്ങളായി താരത്തെ വിന്‍ഡീസ് ടീമിലേക്ക് പരിഗണിക്കാറില്ല. അതേസമയം ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് താരമാണ് ദീര്‍ഘ കാലമായി നരെയ്ന്.
വിന്‍ഡീസിനായി ആറ് ടെസ്റ്റുകള്‍, 65 ഏകദിനങ്ങള്‍, 52 ടി20 മത്സരങ്ങള്‍ താരം വിന്‍ഡീസിനായി കളിച്ചു. 2019ല്‍ ഇന്ത്യക്കെതിരെയാണ് അവസാന ടി20. 2016ല്‍ പാകിസ്ഥാനെതിരെയാണ് അവസാന ഏകദിനം. 2013ല്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റ്. 2012ല്‍ ലോകകപ്പ് നേടിയ വിന്‍ഡീസ് ടി20 ടീമിലെ നിര്‍ണായക സാന്നിധ്യം കൂടിയൈായിരുന്നു നരെയ്ന്.
ടെസ്റ്റില്‍ 21 വിക്കറ്റുകളും ഏകദിനത്തില്‍ 92 വിക്കറ്റുകളും നേടി. ടി20യില്‍ 52 വിക്കറ്റുകള്‍ നേടി. ടെസ്റ്റില്‍ 91 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം.
കരിയറില്‍ ബൗളിങ് ആക്ഷന്റെ പേരില്‍ താത്കാലിക വിലക്കടക്കം നേരിടേണ്ടി വന്ന താരമാണ് നരെയ്ന്. പിന്നീട് ബൗളിങ് ആക്ഷന്‍ വ്യത്യാസം വരുത്തിയാണ് താരം പന്തെറിഞ്ഞത്.