ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാവിഷ്കരിക്കാനുള്ള നീക്കവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനില്‍ കനിഗോലു കഴിഞ്ഞ 26നു വൈകിട്ടു തന്നെ തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും തിരുവനന്തപുരത്തുണ്ട്. കെപിസിസി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വാര് റൂമില്‍ സുനില്‍ കനിഗോലുവിന്റെ സ്ഥാപനമായ മൈന്‍ഡ് ഷെയര്‍ അനലറ്റിക്സിന്റെ പത്ത് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. വാര് റൂമിന്റെ ചുമതലക്കാരായ കോണ്‍ഗ്രസ് നേതാക്കളുമായി കനിഗോലു രണ്ടുമണിക്കൂറോളം ചര്‍ച്ച നടത്തി. ദീപാ ദാസ് മുന്‍ഷിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
140 മണ്ഡലങ്ങളുടെ കൃത്യമായ രാഷ്ട്രീയ ചിത്രം രൂപപ്പെടുത്തിയെടുക്കാനും അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥ, സാമുദായിക സന്തുലനം, ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥി തുടങ്ങിയവയെല്ലാം വ്യക്തമായ വിശകലനം ചെയ്തു കണ്ടെത്താനുമുള്ള തന്ത്രങ്ങളാണ് സുനില്‍ കനിഗോലു രൂപപ്പെടുത്തുന്നത്. കര്‍ണ്ണാടകയിലും തെലുങ്കാനയിലും കനിഗോലുവിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് അദ്ദേഹത്തെ ഏല്‍പ്പിച്ചത്. കെപിസിസി തലത്തില്‍ അധികമാര്‍ക്കും കനിഗോലുവിന്റെ തന്ത്രങ്ങളെക്കുറിച്ച് വലിയ പിടിയുമില്ല. കെപിസിസി ഓഫീസിലെ വാര് റൂമില്‍ കൂടിയ യോഗത്തില്‍ കെപിസിസി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന എംഎം ഹസന് അടക്കമുള്ള നേതാക്കളുടെ പങ്കാളിത്തമുണ്ടായിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിര്‍ത്തിയുള്ള താഴെ തട്ടിലെ ജോലികള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് സുനില്‍ കനിഗോലു ദീപാദാസ് മുന്‍ഷിയുമായുള്ള ആശയവിനിമയത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ക്ക് വ്യത്യസ്ത മതസാമുദായിക വിഭാഗങ്ങളില്‍ നിന്നും നേതാക്കള്‍ ഉയര്‍ന്ന് വരേണ്ട ആവശ്യകതയും സുനില്‍ കനിഗോലു സൂചിപ്പിച്ചു. കേരളത്തില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ക്ക് പ്രാതിനിധ്യം കുറഞ്ഞ് വരുന്ന സാഹചര്യവും ചര്‍ച്ചയായി. സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവർത്തിക്കാന്‍ പറ്റിയ യുവനേതാക്കളെ ഒരുക്കിയെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലന്നും സുനില്‍ കനിഗോലുവും സംഘവും കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിമാരുടെ പ്രവര്‍ത്തനം, പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ ലഭിക്കുന്ന ഇടം എന്നിവയെക്കുറിച്ചെല്ലാം വിശദമായ റിപ്പോര്‍ട്ടുകളാണ് കനിഗോലുവിന്റ സംഘം തയ്യാറാക്കുന്നത്.
വിവിധ സാമുദായിക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് എത്രമാത്രം താല്പര്യം പ്രകടിപ്പിക്കുന്നുവെന്ന കാര്യത്തില്‍ വലിയ പഠനം തന്നെയാണ് കനിഗോലുവിന്റെ വാര്‍റൂം നടത്തുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ പ്രധാനകാരണമായി വിലയിരുത്തിയത് എല്ലാ സാമുദായിക വിഭാഗങ്ങളും കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞുവെന്നതായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ഒരു മതസാമുദായിക വിഭാഗത്തിന്റയും വോട്ട് പ്രത്യേകം ഐക്യമുന്നണിക്ക് ലഭിച്ചില്ല എന്നതാണ് പിന്നീട് നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമായത്. അകന്ന് നില്ക്കുന്ന വിഭാഗങ്ങളെ പ്രത്യേകിച്ച് ന്യൂനനപക്ഷങ്ങള്, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ പാര്‍ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള തന്ത്രങ്ങളും സുനില്‍ കനിഗോലുവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്നുണ്ട്.
എഴുപത് അംഗങ്ങളുള്ള വാര് റൂമാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 12 പേര് കനിഗോലുവിന്റെ കമ്പനിയില്‍ നിന്നാണ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം ലിജു, മണക്കാട് സുരേഷ് എന്നിവര്‍ക്കാണ് വാര്‍റൂമിന്റെ ചുമതല. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ കൃത്യമായ വിവരശേഖരണം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തെലങ്കാനയുടെ ചുമതലയുണ്ടായിരുന്ന ദീപാ ദാസ് മുന്‍ഷിക്ക് അവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്നാണ് കേരളത്തിന്റെ ചുമതല നല്‍കിയത്. സുനില്‍ കനിഗോലുവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് തെലങ്കാനയില്‍ വലിയ നേട്ടം കൊയ്യാൻ ദീപാ ദാസ് മുന്‍ഷിക്ക് കഴിഞ്ഞിരുന്നു. തെലങ്കാന കഴിഞ്ഞാല്‍ കേരളമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ ഭരണം പിടിക്കാമെന്നുറപ്പുള്ള സംസ്ഥാനം. അതുകൊണ്ട് 2026 ലെ തെരഞ്ഞെടുപ്പിന്റെ ആസൂത്രണവും അതനുസരിച്ചുള്ള നീക്കങ്ങളും ഉടൻ തുടങ്ങാൻ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കനിഗോലുവിന്റെ തന്ത്രങ്ങള്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസ് കാണാന്‍ പോകുന്നതേയുള്ളുവെന്നാണ് ഇന്ദിരാഭവനിലെ വാര് റൂം നേതൃത്വം പറയുന്നത്.