ഹൈദരാബാദ് : ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് ടൈറ്റൻസുമായുള്ള മത്സരം മഴ കൊണ്ടുപോയതോടെയാണ് ഹൈദരാബാദ് 15 പോയിന്റുമായി ഇടമുറപ്പാക്കിയത്. ഹൈദരാബാദിന് ഒരു മത്സരംകൂടി ബാക്കിയുണ്ട്. അവസാന മത്സരത്തിൽ 19ന് പഞ്ചാബ് കിങ്സുമായാണ് കളി. ഹൈദരാബാദ് മുന്നേറിയതോടെ ലഖ്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളുടെ സാധ്യതകൾ അവസാനിച്ചു.
അതേസമയം, ആദ്യരണ്ടിൽ ഇടംപിടിക്കാനുള്ള രാജസ്ഥാൻ റോയൽസിന്റെ സാധ്യത തെളിഞ്ഞു. പഞ്ചാബ് കിങ്സിനോടും തോറ്റതോടെ പ്രതീക്ഷ നഷ്ടമായിരുന്നു. ഹൈദരാബാദ്–ഗുജറാത്ത് മത്സരം മഴകാരണം ഉപേക്ഷിച്ചത് രാജസ്ഥാന് ഗുണമായി.തുടർച്ചയായ നാലാംതോൽവിയായിരുന്നു സഞ്ജു സാംസണും സംഘത്തിനും.നിലവിൽ പോയന്റു പട്ടികയിൽ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫിൽനിന്ന് പുറത്തായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഗുജറാത്തിന്റെ കഴിഞ്ഞ മത്സരവും മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഗുജറാത്ത് പുറത്തായത്.