മലപ്പുറം: തുവ്വൂർ കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളുടെ വീട്ടിലും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.
കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു,(27), സഹോദരന്മാരായ വൈശാഖ് (21), വിവേക് (20),പിതാവ് മുത്തു (53), സുഹൃത്ത് മൂന്നുകണ്ടൻ മുഹമ്മദ് ഷിഫാൻ (18) എന്നിവരാണ് പിടിയിലായത്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.
ഈ മാസം പതിനൊന്നിനാണ് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാതായത്. രാവിലെ ജോലിക്ക് പോയി. അവിടെ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പത്ത് ദിവസത്തിന് ശേഷം മൃതദേഹം അഴുകിയ നിലയിൽ വിഷ്ണുവിന്റെ വീട്ടുവളപ്പിൽ കണ്ടെത്തുകയായിരുന്നു.
യുവതിയെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തി, ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്നാണ് പ്രതികൾ മൊഴി നൽകിയത്. യുവതിയുടെ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.