തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോ. ഇ എ റുവെയ്സിനെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണ കുറ്റം,
സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
ഭീമമായ സ്ത്രീനധം ചോദിച്ചതിനാല്‍ വിവാഹാത്തില്‍ നിന്ന് പിന്മാറിയെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെ ഷഹനയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.’എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’- എന്ന് എഴുതിയിരിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്.