തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. വഞ്ചനാക്കേസില്‍ സുധാകരനെതിരെ ശക്തമായ തെളിവുണ്ട്. മോന്‍സനില്‍ നിന്നും സുധാകരന് 10 ലക്ഷം രൂപ വാങ്ങിയതിന് ദൃക്സാക്ഷികളുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
മോന്സന് മാവുങ്കലിന്റെ മൂന്നു ജീവനക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സുധാകരന് 10 ലക്ഷം എണ്ണി നല്‍കിയെന്നാണ് കോടതിയില്‍ മൊഴി നല്‍കിയിട്ടുള്ളത്. സുധാകരന് പണം കൈപ്പറ്റുമ്പോള്‍ ഇവര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മോന്സന് മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരനെ രണ്ടാം പ്രതിയായി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് എറണാകുളം സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്കിരിക്കുന്നത്. തങ്ങളിൽ നിന്ന് മോൻസൺ പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂർ ചെറുവാടി യാക്കൂബ് പുരയിൽ, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീർ, സിദ്ധിഖ് പുരയിൽ, ഇ.എ.സലിം, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിലാണ് 2021 സെപ്തംബറിൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തിൽ താൻ 25 ലക്ഷം രൂപ മോൻസണ് നൽകിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയിൽ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നൽകിയത്.
പുരാവസ്തുക്കൾ വിദേശികൾക്ക് വിറ്റ വകയിൽ ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും അത് ശരിയാക്കാൻ പണം വേണമെന്നും പറഞ്ഞാണ് മോൻസൺ പരാതിക്കാരെ കബളിപ്പിച്ചത്. ഇതിനായി എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും കാണിച്ചു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന പണം മോൻസണിന് ലഭിക്കാൻ ഇടപെടാമെന്ന് തങ്ങളുടെ സാന്നിദ്ധ്യത്തിൽ സുധാകരൻ ഉറപ്പു നൽകിയെന്നും പരാതിക്കാർ മൊഴി നൽകിയിരുന്നു. കെ.സുധാകരൻ മോൻസണിന്റെ കലൂരിലെ വീട്ടിൽ പത്ത് ദിവസം കോസ്മറ്റോളജി ചികിത്സ നടത്തിയതായും പരാതിക്കാർ ആരോപിച്ചിരുന്നു.
പരാതിക്കാർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ കെ. സുധാകരന്റെ പേരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സുധാകരന് എതിരായി ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലിനായി നാളെ കളമശ്ശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കെ സുധാകരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ സുധാകരന് നിയമോപദേശം തേടി. ഇന്ന് ഹൈക്കോടതിയില്‍ കെ സുധാകരന് ഹര്‍ജി നല്‍കുമെന്നാണ് വിവരം. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം.
സുധാകരനെതിരെ ചുമത്തിയ വകുപ്പുകൾ
ഐ.പി.സി. 420 : സാമ്പത്തിക തട്ടിപ്പ്
ഐ.പി.സി. 468 : ചതിക്കാനായി വ്യാജരേഖകൾ ചമയ്ക്കൽ
ഐ.പി.സി. 471 : വ്യാജരേഖ അസൽരേഖയായി കാണിച്ച് ചതിക്കൽ.