ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടർന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മൂര്ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും. താൻ പൂർണ സസ്യാഹാരിയാണ് എന്നു വെളിപ്പെടുത്തുന്ന വീഡിയോയിൽ മാംസാഹാരം കഴിക്കുന്നവർ ഉപയോഗിച്ച സ്പൂൺ ഉപയോഗിക്കേണ്ടി വരുമോ എന്ന് ഭയന്ന് കൈക്കൊള്ളുന്ന കരുതലിനെക്കുറിച്ച് പറഞ്ഞതാണ് വിമർശന പാത്രമാകുന്നത്. ഇൻഫോസിസ് സഹ-സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യയാണ് സുധ മൂര്‍ത്തി. പത്മശ്രീ ജേതാവ് കൂടിയാണ് സുധ മൂര്‍ത്തി.
താൻ സമ്പൂര്‍ണ സസ്യാഹാരിയായതിനാല്‍ എവിടെയെങ്കിലും പോകുമ്പോള്‍ ചെറിയ പേടി തോന്നാറുണ്ടെന്നും മാംസാഹാരം വിളമ്പിയ സ്പൂണ്‍ തന്റെ ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടാകാറുണ്ടെന്നും യൂട്യൂബ് അഭിമുഖത്തില്‍ സുധ മൂര്‍ത്തി പറഞ്ഞു. ഈ ആശങ്കയുള്ളതിനാല്‍ എവിടെയെങ്കിലും പോയാലും വെജിറ്റേറിയൻ റെസ്റ്റോറന്റുകള്‍ തന്നെ കണ്ടെത്തി കഴിക്കാൻ ശ്രമിക്കാറുണ്ടെന്നും അല്ലാത്ത പക്ഷം സ്വന്തമായി പാചകം ചെയ്ത് കഴിക്കാൻ ശ്രമിക്കുമെന്നും ഇവര്‍ പറഞ്ഞു.
തന്റെ അമ്മൂമ്മ പണ്ട് പുറത്തുനിന്ന് ഭക്ഷണമേ കഴിക്കാറില്ല. എപ്പോഴും വീട്ടില്‍ നിന്നുള്ള ഭക്ഷണം കൂടെ കരുതും. അന്നൊക്കെ അതും പറഞ്ഞ് അമ്മൂമ്മയെ കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ താനും അതേ അവസ്ഥയിലായിരിക്കുന്നു. യാത്ര പോകുമ്പോള്‍ ആവശ്യമായി വന്നാല്‍ പാചകം ചെയ്യാനുള്ള ചെറിയൊരു കുക്കറും ഭക്ഷണസാധനങ്ങളും കൂടെ കരുതും.- ഇത്രയുമാണ് സുധ മൂര്‍ത്തി അഭിമുഖത്തിലൂടെ പങ്കുവച്ചത്. ഈ വാക്കുകളാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. നോണ്‍-വെജ് കഴിക്കുന്നവര്‍ ഉപയോഗിച്ച സ്പൂണോ പാത്രങ്ങളോ ഉപയോഗിക്കുന്നതിനോട് പോലും എതിര്‍പ്പ് കാണിക്കുന്നത് ശരിയല്ല- അങ്ങനെയെങ്കില്‍ സുധ മൂര്‍ത്തിക്ക് എവിടെയും പോകാൻ സാധിക്കില്ല, നോണ്‍-വെജ് കഴിക്കുന്നവര്‍ കുറഞ്ഞവരാണെന്ന ധ്വനിയും സുധ മൂര്‍ത്തിയുടെ വാക്കുകളിലുണ്ട്- വിമര്‍ശകര്‍ പറയുന്നു.
അതേസമയം വിമര്ശനങ്ങളെക്കാള് ഉപരി ട്രോളുകളാണ് സോഷ്യല്‍ മീഡിയില്‍ സുധ മൂര്ത്തിക്കെതിരെ വരുന്നത്. വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇവര്‍ക്കെതിരെയുള്ള ട്രോളുകള്‍ പങ്കുവയ്ക്കുന്നത്. ഇതിനിടെ സുധ മൂര്‍ത്തിയുടെ മരുമകനും യുകെ പ്രൈം മിനിസ്റ്ററുമായ ഋഷി സുനക് മാംസാഹാരം കഴിക്കുന്ന ഒരു ഫോട്ടോയും പലരും പങ്കുവയ്ക്കുന്നുണ്ട്. സുധ മൂര്‍ത്തിയുടെയും നാരായണ മൂര്‍ത്തിയുടെയും മകളായ അക്ഷതയെ ആണ് ഋഷി സുനക് വിവാഹം കഴിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ മകളുടെ വീട്ടില്‍ പോകുമ്പോള്‍ സുധ മൂര്‍ത്തി എന്താണ് ചെയ്യാറെന്നും ആളുകള്‍ കമന്റിലൂടെ ചോദിക്കുന്നു.