മലപ്പുറം: ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും സസ്പെന്ഷന്. വളാഞ്ചേരി എസ്എച്ച്ഒ യു എച്ച് സുനില്‍ദാസ് (53), എസ്ഐ പിബി ബിന്ദുലാല്‍ (48) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ബിന്ദുലാലിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. സിഐ സുനില്‍ദാസ് ഒളിവിലാണ്.
സ്ഫോടകവസ്തു പിടിച്ചെടുത്ത കേസിലെ പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി എസ്ഐ ബിന്ദുലാലും ഇന്‍സ്പെക്ടര്‍ സുനില്‍ദാസും ചേര്‍ന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ഭീഷണി.
കേസില്‍ പ്രതിയായ തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെയും കൂട്ടാളികളെയും റിമാന്‍ഡിലാക്കുമെന്ന് എസ്ഐയും ഇന്‍സ്പെക്ടറും ഭീഷണിപ്പെടുത്തി. ഇവരുടെ കൂടെയുള്ള ചില ഭൂവുടമകള്‍ക്കെതിരെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതുപ്രകാരം ബിന്ദുലാല്‍ 10 ലക്ഷം രൂപയും സുനില്‍ദാസ് 8 ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. ഇതിനെല്ലാം ഇടനിലക്കാരനായിനിന്ന അസൈനാര്‍ 4 ലക്ഷം രൂപയും കൈപ്പറ്റി.
നിസാര്‍ ഈ വിവരം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്പി ടി മനോജാണു പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് തിരൂര്‍ ഡിവൈഎസ്പിക്കു കൈമാറി. തിരൂര്‍ ഡിവൈഎസ്പി ഇന്നലെ രാവിലെ വളാഞ്ചേരി സ്റ്റേഷനിലെത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്ഐയെയും ഇടനിലക്കാരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.