മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയേക്കാൾ അപകടകാരിയാണ് ഏകാന്തതയെന്ന് പഠന റിപ്പോർട്ട്. റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സമ്മർദം വർധിക്കാൻ കാരണമാകുന്ന ഏകാന്തത മാനസിക-ശാരീരികാരോഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. പുകവലിയേക്കാളും മദ്യപാനത്തെക്കാളും ശ്രദ്ധകൊടുക്കേണ്ട വിഷയമാണ് ഏകാന്തതയെന്നും ഗവേഷകർ പറയുന്നു.
ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദ്രോഗങ്ങൾ വർധിക്കാനും പ്രതിരോധശേഷി കുറയാനും വിഷാദരോഗവും ഉത്കണ്ഠയും വർധിക്കാനും ഡിമെൻഷ്യ സാധ്യത വർധിക്കാനുമൊക്കെ ഏകാന്തതയിലൂടെയുണ്ട്. എല്ലാ പ്രായക്കാരേയും ബാധിക്കുന്ന വിഷയമാണെങ്കിലും പ്രായമായവരിലാണ് ഏകാന്തത കൂടുതൽ വഷളായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിയാനും വേണ്ട പ്രതിവിധികൾ കൈക്കൊള്ളാനും ആരോഗ്യപ്രവർത്തകർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. പ്രായമാകുന്നതോടെ വിരമിക്കൽ, വിവാഹമോചനം, കുടുംബാംഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ മരണം തുടങ്ങിയവ മൂലം സാമൂഹിക ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്നവർ നിരവധിയുണ്ട്. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നത് അവരുടെ ആരോഗ്യം വീണ്ടും താറുമാറാക്കുകയാണ് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു.
കോവിഡിന് മുമ്പുതൊട്ടുതന്നെ ഏകാന്തത അനുഭവിക്കുന്നവരുടെ നിരക്ക് കൂടുതലാണെങ്കിലും കോവിഡ് കാലത്തെ സാമൂഹിക അകലവും വീടിനുളളിൽ കഴിയലുമൊക്കെ സ്ഥിതി വീണ്ടും വഷളാക്കുകയാണ് ചെയ്തതെന്ന് ഗവേഷണത്തിൽ പങ്കാളിയായ ഡോ. വില്യംസ് ഫാർലി പറഞ്ഞു. മുതിർന്നവരിൽ നാലിൽ ഒരാൾക്ക് എന്നനിലയിലും അഞ്ചുമുതൽ പതിനഞ്ചു ശതമാനത്തോളം കൗമാരക്കാരിലും സാമൂഹിക ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അടുത്തിടെ ലേകാരോഗ്യസംഘടനയും ഏകാന്തതയെ ഗൗരവമാർന്ന ആരോഗ്യഭീഷണിയായി കണക്കാക്കണമെന്നും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു. സാമൂഹിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനായി ലോകാരോഗ്യസംഘടന പുതിയ കമ്മീഷനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.