


കൊച്ചി : ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം.
കോട്ടയം
മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
എറണാകുളം
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂണ്‍ 27) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇടുക്കി
കനത്ത മഴയെ തുടര്‍ന്നു ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. അങ്കണവാടികള്‍, സ്വകാര്യ, കേന്ദ്രീയ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് അവധി ബാധകം.
തൃശൂര്‍
ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 27) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ ജില്ലകലില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)
തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ)
മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)
മഞ്ഞ അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ, പമ്പ (മടമൺ സ്റ്റേഷൻ – CWC ))
കോട്ടയം : മണിമല (പുല്ലാകയർ സ്റ്റേഷൻ – CWC)
ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷൻ – CWC)
എറണാകുളം: പെരിയാർ (കാലടി സ്റ്റേഷൻ & മാർത്താണ്ഡവർമ്മ സ്റ്റേഷൻ), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷൻ)
പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ)
തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)
വയനാട് : കബനി (ബാവേലി & കക്കവയൽ, മുത്തൻകര സ്റ്റേഷൻ – CWC)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.