തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന് സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം.
സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. ആശ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ പകരം ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ശമ്പള വര്‍ധന, ഓണറേറിയം കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഈ മാസം 10 മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല.
സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് അടക്കം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് എന്‍എച്ച്എം മിഷന് ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്താനാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രമാണെന്നും, മുഴുവന്‍ കുടിശ്ശിക നല്കി എന്നത് തെറ്റായ പ്രചരണമെന്നും സമരക്കാര്‍ പറയുന്നു.
ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ആശവർക്കർമാരുടെ സമരത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന്റെ തനിയാവർത്തനമാണെന്നും, സമരത്തിന് പിന്നിൽ ചില അരാജക സംഘടനകളാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം അഭിപ്രായപ്പെട്ടിരുന്നു.